Sunday, November 26, 2006

എന്റെ കടിഞ്ഞൂല്‍ പ്രണയ കഥ

കേരളത്തിലെ അതി പ്രശസ്തം പോയിട്ട്, പ്രശസ്തം പോലുമല്ലാത്ത ഒരു കോളേജ്..

ആദ്യ കാലത്തെ പ്ലസ് റ്റു വിന്റെ കുടുക്കില്‍ പെട്ട്
പ്രീഡിഗ്രിയുടെ കൊതിയൂറുന്ന വിവരണങ്ങള്‍ കൂട്ടുകാരില്‍ നിന്ന് കേള്‍ക്കാനിട വന്ന്, അതിന്റെ അസൂയ പൂണ്ട മുഖത്തോടു കൂടി എല്ലാ കൂട്ടുകാരേയും നോക്കുന്ന ഒരു കലാലയന്‍!

ഒന്നാം വര്‍ഷം ബിരുദ ക്ലാസ്സുകള്‍ തുടങ്ങാന്‍ തന്നെ, ലേശം വൈകി! ടീച്ചര്‍മാര്‍ സമരത്തിലായിരുന്നു!
ആനന്ദ ലബ്ധി!
ചോറുമൊക്കെയായി പോകുന്നു.. പെണ്‍ പിള്ളാരുടെ ഒപ്പം വെടി പറഞ്ഞിരിക്കുന്നു..അവരുടെയൊപ്പം ഊണു കഴിക്കുന്നു..അതിന്റെയിടക്ക് പാട്ടും പാടുന്നു(അല്പം തരക്കേടോടു കൂടിയൊക്കെ പാഡും!)
ഹൊ എന്റമ്മേ! എന്തായിരുന്നു ആ സമയം!
“പാട്ടു പാടുന്ന, വല്ല്യ സൌന്ദര്യമൊന്നുമില്ലാത്ത ഒരു ചെക്കനെ ഒരു സുന്ദരി പ്രേമിക്കുന്നു“..നടക്കുമോ? എന്റെ പരീക്ഷണങ്ങള്‍ തുടര്‍ന്നു.. ആരോടും എനിക്ക് വല്ല്യ ആകര്‍ഷണത്വമൊന്നും തോന്നുന്നില്ല! ഇങ്ങോടു വരട്ടെ! മോസ്റ്റ് വെല്‍കം!!

ക്ലാസ് തുടങ്ങി..
അതും അഡിപൊളി! അവസാനത്തെ രണ്ട് അവര്‍(മണിക്കൂ‍റിന്റെ ഇംഗ്ലീഷ്) ക്ലാസ്സില്ലെങ്കില്‍ കാന്റീനില്‍ പോയിരിക്കാം..ആര്‍മാദിച്ചു!!

കംബൈന്‍ഡ് ക്ലാസ്സുകള്‍.. ഇംഗ്ലീഷ്, മലയാളം, മാത്‌സ് പിന്നെ സ്റ്റാറ്റിയും..സ്വന്തം ക്ലാസ്സിലെ മാത്രമല്ല, മറ്റു ക്ലാസ്സിലെ കുട്ടികളുമായും അടുപ്പത്തിലായി..

പാട്ടു പാടുന്നു..പിന്നെയും പിന്നെയും പാടുന്നു.

ഒരു മൂലയില്‍ നിന്നും ഒരു ഹാഫ് സാരിക്കാരി വന്ന് പറയുന്നു..
“വാവക്കാടന്റെ പാട്ടും പിന്നെ ആളേയും എനിക്കിഷ്ടായി” (1998-ല്‍ ആണു കെട്ടോ..ആഗ്രഹങ്ങള്‍ക്ക് സമയം, കാലം ഇവയില്ലല്ലോ)
മണ്ണാങ്കട്ട ഒന്നുമില്ല..ഒന്നും സംഭവിക്കുന്നില്ല!

അങ്ങനെയിരിക്കേ... ഒരു പെണ്‍കുട്ടി..
എന്റെ ക്ലാസ്സിലെയല്ല..കംബൈന്‍ഡ് ക്ലാസ്സുകളില്‍ കാണാറുള്ള...
അവളെ കാണുമ്പോള്‍ ചങ്കിനകത്തൊരു കിടികിടിപ്പ്..
അവള്‍ക്ക് പക്ഷേ പാട്ട് ഇഷ്ടമല്ല എന്നു തോന്നുന്നു.. എന്റെ പാട്ട് സദസ്സില്‍ അവള്‍ വരാറില്ല..

അങ്ങനെയിരിക്കെ കസിന്റെ കല്യാണം വന്നു.. സാമ്പാറൊക്കെ വിളമ്പിക്കഴിഞ്ഞ്, സ്വതവേയുള്ള മടി കാരണം കുറച്ച് മാറി നിന്നു.. ചേച്ചിയും വരനും അപ്പുറത്ത് നിന്നു സൊള്ളുന്നു..
ഒരു പെണ്‍കുട്ടി അടുത്തുണ്ടായിരുന്നെങ്കില്‍....

സാമ്പാറിലേക്ക് വെറുതെ ഒന്നു നോക്കി..പിന്നെ ഞാന്‍ തല പൊക്കി നോക്കുന്നത്, അവളുടെ മുഖത്തേക്കാണ്..അതെ എന്റെ ചങ്കിടിപ്പു കൂട്ടുന്ന അവളുടെ തന്നെ..കുറച്ചകലെയായി ഇരുന്നു ആരോടൊക്കെയോ സംസാരിക്കുന്നു..

ദേവീ.........ദെന്താ ദ്?
കണ്ണു തിരുമ്മി നോക്കി..കയ്യ് രണ്ടും കൂട്ടിത്തിരുമ്മി നോക്കി..സത്യം തന്നെ.. യെവള്‍ ഇവിടെ????

അമ്പരപ്പിന്റേതായ ഒരു ചിരി സമ്മാനിച്ച്, വര്‍ദ്ധിച്ച ചങ്കിടിപ്പുമായി അരികിലേക്ക് ചെന്നു.
ഇങ്ങനെയൊക്കെയല്ലേ സേഫായിട്ട് പരിചയപ്പെടാന്‍ ഒരു അവസരം കിട്ടൂ!
അവള്‍ടേയും കസിനാത്രേ!!
പറഞ്ഞു വന്നപ്പോ അത്രയും വല്ല്യ കസിനൊന്നുമല്ല!!ആശ്വാസം

അമ്മയെയൊക്കെ പരിചയപ്പെടുത്തി.. ആവശ്യം വന്നാലോ?

അങ്ങനെ ഞങ്ങള്‍ കോളേജില്‍ മിണ്ടാന്‍ ആരംഭിച്ചു..
അവള്‍ ഒരു കൂട്ടുകാരനെപ്പോലെ എന്നോട് പെരുമാറുന്നു..
അങ്ങനെ മതിയോ? അതിനാണോ ഇത്ര കഷ്ടപ്പെട്ട് പരിചയപ്പെട്ടത്?

നേരിട്ടു പറയാന്‍ ഇന്നത്തെ പോലെ അന്നും, നമ്മുടെ കാര്യം തഥൈവ!
അവസാനം കൂട്ടുകാരനോടു പറയുന്നു.. അവന്‍ അവന്റെ കൂട്ടുകാരിയോടു പറയുന്നു..ലവള്‍ അവളോടു പറയുന്നു..ആകെ ചക്ക കുഴഞ്ഞ പരുവം!

എല്ലാവരും ഇടപെട്ട് ഞങ്ങളുടെ മീറ്റിംഗ് ഫിക്സ് ചെയ്യുന്നു..രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ ഞങ്ങള്‍ പ്രണയ ബദ്ധരാകുന്നു..

മധുര മനോഹര മനോജ്ഞ, ആറു മാസം...

ആരോ അവളുടെ മുന്നില്‍ വച്ച് എന്റെ ജനനത്തീയതി ചോദിക്കുന്നു..
ആസ് നോര്‍മല്‍ ഞാന്‍ പറയുന്നു..
ചോദിച്ചവനോട് “ശല്ല്യപ്പെടുത്താതെ പോഡൈ” എന്നും കൂടി പറയുന്നു..

പെട്ടെന്നാണ്‌ അവളുടെ ഭാവം മാറിയത്..
പ്രണയത്തിനു പകരം അവിടെ ഞാന്‍ കണ്ടത് വാത്സല്യമായിരുന്നു..വാത്സല്യം..

ഇപ്പോഴും കൂട്ടുകാര്‍ ഫോണ്‍ വിളിക്കുമ്പോഴൊക്കെ (എന്റെ ശവത്തില്‍ കുത്തിക്കൊണ്ട്) ചോദിക്കും
“ചേച്ചിയുമായി ഇപ്പൊഴും കണക്ഷനൊക്കെ ഉണ്ടോ ?” എന്ന്

Friday, November 17, 2006

യൂ ആര്‍ മൈ സ്വീറ്റ് ഡാര്‍ലിംഗ്‘

പ്രണയം എന്നുമൊരു നെരിപ്പോടാണ്
കാലത്തിന്റെ , പ്രകൃതിയുടെ, ഉണങ്ങി വരണ്ട സ്വപ്നങ്ങളുടെ ...

കാലവും പ്രകൃതിയും സ്വപ്നങ്ങളും ഈ നെരിപ്പോടിലിട്ടു നാം തീ കായുന്നു..

നീണ്ടു കൊഴുത്ത കൈകാലുകളില്‍ എനിക്ക്
എന്റെ പ്രണയങ്ങള്‍ കാണുവാന്‍ കഴിയുന്നില്ല..

അവളുടെ പ്രണയാര്‍ദ്രമായ നോട്ടങ്ങളില്‍ പോലും
എനിക്ക് പ്രണയം കണ്ടെത്താന്‍ കഴിയുന്നില്ല!

അവളുടെ ഇറുകി മുറുകി പൊട്ടാറായ വസ്ത്രങ്ങളിലും
ഞാന്‍ കാണുന്നില്ല

എവിടെയാണ് ഞാന്‍ പ്രണയം കാണേണ്ടത് സഖേ?

പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിച്ച
എന്റെ നാട്ടിലെ ഊടു വഴികളിലോ?

അല്ലെങ്കില്‍ അതിന് കോര്‍പ്പറേറ്റ് മാനങ്ങള്‍ നല്‍കിയ
നിന്റെ ചാറ്റ് വിന്‍‌ഡൊകളിലോ?

എങ്കിലും എനിക്കൊന്നറിയാം ഡാര്‍ലിംഗ്..
“യൂ ആര്‍ മൈ സ്വീറ്റ് ഡാര്‍ലിംഗ്‘