Sunday, November 26, 2006

എന്റെ കടിഞ്ഞൂല്‍ പ്രണയ കഥ

കേരളത്തിലെ അതി പ്രശസ്തം പോയിട്ട്, പ്രശസ്തം പോലുമല്ലാത്ത ഒരു കോളേജ്..

ആദ്യ കാലത്തെ പ്ലസ് റ്റു വിന്റെ കുടുക്കില്‍ പെട്ട്
പ്രീഡിഗ്രിയുടെ കൊതിയൂറുന്ന വിവരണങ്ങള്‍ കൂട്ടുകാരില്‍ നിന്ന് കേള്‍ക്കാനിട വന്ന്, അതിന്റെ അസൂയ പൂണ്ട മുഖത്തോടു കൂടി എല്ലാ കൂട്ടുകാരേയും നോക്കുന്ന ഒരു കലാലയന്‍!

ഒന്നാം വര്‍ഷം ബിരുദ ക്ലാസ്സുകള്‍ തുടങ്ങാന്‍ തന്നെ, ലേശം വൈകി! ടീച്ചര്‍മാര്‍ സമരത്തിലായിരുന്നു!
ആനന്ദ ലബ്ധി!
ചോറുമൊക്കെയായി പോകുന്നു.. പെണ്‍ പിള്ളാരുടെ ഒപ്പം വെടി പറഞ്ഞിരിക്കുന്നു..അവരുടെയൊപ്പം ഊണു കഴിക്കുന്നു..അതിന്റെയിടക്ക് പാട്ടും പാടുന്നു(അല്പം തരക്കേടോടു കൂടിയൊക്കെ പാഡും!)
ഹൊ എന്റമ്മേ! എന്തായിരുന്നു ആ സമയം!
“പാട്ടു പാടുന്ന, വല്ല്യ സൌന്ദര്യമൊന്നുമില്ലാത്ത ഒരു ചെക്കനെ ഒരു സുന്ദരി പ്രേമിക്കുന്നു“..നടക്കുമോ? എന്റെ പരീക്ഷണങ്ങള്‍ തുടര്‍ന്നു.. ആരോടും എനിക്ക് വല്ല്യ ആകര്‍ഷണത്വമൊന്നും തോന്നുന്നില്ല! ഇങ്ങോടു വരട്ടെ! മോസ്റ്റ് വെല്‍കം!!

ക്ലാസ് തുടങ്ങി..
അതും അഡിപൊളി! അവസാനത്തെ രണ്ട് അവര്‍(മണിക്കൂ‍റിന്റെ ഇംഗ്ലീഷ്) ക്ലാസ്സില്ലെങ്കില്‍ കാന്റീനില്‍ പോയിരിക്കാം..ആര്‍മാദിച്ചു!!

കംബൈന്‍ഡ് ക്ലാസ്സുകള്‍.. ഇംഗ്ലീഷ്, മലയാളം, മാത്‌സ് പിന്നെ സ്റ്റാറ്റിയും..സ്വന്തം ക്ലാസ്സിലെ മാത്രമല്ല, മറ്റു ക്ലാസ്സിലെ കുട്ടികളുമായും അടുപ്പത്തിലായി..

പാട്ടു പാടുന്നു..പിന്നെയും പിന്നെയും പാടുന്നു.

ഒരു മൂലയില്‍ നിന്നും ഒരു ഹാഫ് സാരിക്കാരി വന്ന് പറയുന്നു..
“വാവക്കാടന്റെ പാട്ടും പിന്നെ ആളേയും എനിക്കിഷ്ടായി” (1998-ല്‍ ആണു കെട്ടോ..ആഗ്രഹങ്ങള്‍ക്ക് സമയം, കാലം ഇവയില്ലല്ലോ)
മണ്ണാങ്കട്ട ഒന്നുമില്ല..ഒന്നും സംഭവിക്കുന്നില്ല!

അങ്ങനെയിരിക്കേ... ഒരു പെണ്‍കുട്ടി..
എന്റെ ക്ലാസ്സിലെയല്ല..കംബൈന്‍ഡ് ക്ലാസ്സുകളില്‍ കാണാറുള്ള...
അവളെ കാണുമ്പോള്‍ ചങ്കിനകത്തൊരു കിടികിടിപ്പ്..
അവള്‍ക്ക് പക്ഷേ പാട്ട് ഇഷ്ടമല്ല എന്നു തോന്നുന്നു.. എന്റെ പാട്ട് സദസ്സില്‍ അവള്‍ വരാറില്ല..

അങ്ങനെയിരിക്കെ കസിന്റെ കല്യാണം വന്നു.. സാമ്പാറൊക്കെ വിളമ്പിക്കഴിഞ്ഞ്, സ്വതവേയുള്ള മടി കാരണം കുറച്ച് മാറി നിന്നു.. ചേച്ചിയും വരനും അപ്പുറത്ത് നിന്നു സൊള്ളുന്നു..
ഒരു പെണ്‍കുട്ടി അടുത്തുണ്ടായിരുന്നെങ്കില്‍....

സാമ്പാറിലേക്ക് വെറുതെ ഒന്നു നോക്കി..പിന്നെ ഞാന്‍ തല പൊക്കി നോക്കുന്നത്, അവളുടെ മുഖത്തേക്കാണ്..അതെ എന്റെ ചങ്കിടിപ്പു കൂട്ടുന്ന അവളുടെ തന്നെ..കുറച്ചകലെയായി ഇരുന്നു ആരോടൊക്കെയോ സംസാരിക്കുന്നു..

ദേവീ.........ദെന്താ ദ്?
കണ്ണു തിരുമ്മി നോക്കി..കയ്യ് രണ്ടും കൂട്ടിത്തിരുമ്മി നോക്കി..സത്യം തന്നെ.. യെവള്‍ ഇവിടെ????

അമ്പരപ്പിന്റേതായ ഒരു ചിരി സമ്മാനിച്ച്, വര്‍ദ്ധിച്ച ചങ്കിടിപ്പുമായി അരികിലേക്ക് ചെന്നു.
ഇങ്ങനെയൊക്കെയല്ലേ സേഫായിട്ട് പരിചയപ്പെടാന്‍ ഒരു അവസരം കിട്ടൂ!
അവള്‍ടേയും കസിനാത്രേ!!
പറഞ്ഞു വന്നപ്പോ അത്രയും വല്ല്യ കസിനൊന്നുമല്ല!!ആശ്വാസം

അമ്മയെയൊക്കെ പരിചയപ്പെടുത്തി.. ആവശ്യം വന്നാലോ?

അങ്ങനെ ഞങ്ങള്‍ കോളേജില്‍ മിണ്ടാന്‍ ആരംഭിച്ചു..
അവള്‍ ഒരു കൂട്ടുകാരനെപ്പോലെ എന്നോട് പെരുമാറുന്നു..
അങ്ങനെ മതിയോ? അതിനാണോ ഇത്ര കഷ്ടപ്പെട്ട് പരിചയപ്പെട്ടത്?

നേരിട്ടു പറയാന്‍ ഇന്നത്തെ പോലെ അന്നും, നമ്മുടെ കാര്യം തഥൈവ!
അവസാനം കൂട്ടുകാരനോടു പറയുന്നു.. അവന്‍ അവന്റെ കൂട്ടുകാരിയോടു പറയുന്നു..ലവള്‍ അവളോടു പറയുന്നു..ആകെ ചക്ക കുഴഞ്ഞ പരുവം!

എല്ലാവരും ഇടപെട്ട് ഞങ്ങളുടെ മീറ്റിംഗ് ഫിക്സ് ചെയ്യുന്നു..രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ ഞങ്ങള്‍ പ്രണയ ബദ്ധരാകുന്നു..

മധുര മനോഹര മനോജ്ഞ, ആറു മാസം...

ആരോ അവളുടെ മുന്നില്‍ വച്ച് എന്റെ ജനനത്തീയതി ചോദിക്കുന്നു..
ആസ് നോര്‍മല്‍ ഞാന്‍ പറയുന്നു..
ചോദിച്ചവനോട് “ശല്ല്യപ്പെടുത്താതെ പോഡൈ” എന്നും കൂടി പറയുന്നു..

പെട്ടെന്നാണ്‌ അവളുടെ ഭാവം മാറിയത്..
പ്രണയത്തിനു പകരം അവിടെ ഞാന്‍ കണ്ടത് വാത്സല്യമായിരുന്നു..വാത്സല്യം..

ഇപ്പോഴും കൂട്ടുകാര്‍ ഫോണ്‍ വിളിക്കുമ്പോഴൊക്കെ (എന്റെ ശവത്തില്‍ കുത്തിക്കൊണ്ട്) ചോദിക്കും
“ചേച്ചിയുമായി ഇപ്പൊഴും കണക്ഷനൊക്കെ ഉണ്ടോ ?” എന്ന്

27 comments:

വാവക്കാടന്‍ said...

കളരി പരമ്പര ദൈവങ്ങളാണേ.. ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതെല്ലാം സത്യം തന്നെ!

1 1/2 വയസ്സു മൂപ്പുള്ള പെണ്‍കുട്ടിയെ നിങ്ങള്‍ക്ക് പ്രേമിക്കാം.. അവളും കൂടി പ്രേമിക്കണം!!

ഇപ്പോഴും കൂട്ടുകാര്‍ ഫോണ്‍ വിളിക്കുമ്പോഴൊക്കെ (എന്റെ ശവത്തില്‍ കുത്തിക്കൊണ്ട്) ചോദിക്കും
“ചേച്ചിയുമായി ഇപ്പൊഴും കണക്ഷനൊക്കെ ഉണ്ടോ ?” എന്ന്

വല്യമ്മായി said...

നല്ല വിവരണം വാവക്കാടാ.ചേച്ചിയെ പിന്നെ കണ്ടിരുന്നോ

magnifier said...

അരവിന്ദന്റെ പ്രണയം 25 പൈസയില്‍ തട്ടിത്തകര്‍ന്നത് കഴിഞ്ഞതേയുള്ളൂ...ഇതാ ഒരു പ്രണയം ജനനത്തീയതിയില്‍ തട്ടിത്തകര്‍ന്നിരിക്കുന്നു! ഈശ്വരാ ഈ പ്രണയിനികളെ കാത്തോളണേ....

ഓ.ടോ. ഈ “കലാലയന്‍” എന്നൊന്നും എഴുതിയേക്കല്ലേ..അതിനു പാറ്റന്റ് റൈറ്റ് ഉള്ളതാ. അങ്ങു തിരുവില്വാമലയില്‍! അത് ഭൂമിമലയാളത്തില്‍ ഇനിയാരും ഉപയോഗികാന്‍ പാടുള്ളതല്ല! വിവരമറിയും!

അതുല്യ said...

മഴയല്ലേ ഒരു പപ്പട വടയുണ്ടാക്കീട്ട്‌ അതൊന്ന് കുറിയ്കാംന്ന് കരുതിയിരുമ്പോ ദേണ്ടേ.... അതിലും എരിവും കരുകരുപ്പുമുള്ള പ്രണയവട!!


ശരിയാണു പാലമ്ന്ന് പറഞ്ഞ്‌ കുത്തനേ കെട്ടീട്ട്‌ കാര്യമില്ലല്ലോ അല്ലേ... !!


ഐവ...!!

ദില്‍ബാസുരന്‍ said...

വാവക്കാടാ,
ഇറ്റ് ഹാപ്പെന്‍സ് മാന്‍..... ;-)

യേത്? ആ...അത് തന്നെ :-)

ഇടങ്ങള്‍|idangal said...

എവിടെയൊക്കെയൊ ബഷീര്‍ കയറി വരുന്നു,

നന്നായിരിക്കുന്നു

ഖാദര്‍ (പ്രയാണം) said...

പ്രണയാനുഭവവും അവതരണവും നന്നായിട്ടൂണ്ട്
ഇതെത്രാമത്തെ പ്രണയത്തെപ്പറ്റിയാണ്?

Kiranz..!! said...

വാവക്കാ‍ടാ..അന്നു സച്ചിന്‍ കല്യാണം കഴിച്ചതൊന്നും ആ ചേച്ചി അറിഞ്ഞില്ലേ ? പറഞ്ഞു കൊടുക്കണ്ടേ അതൊക്കെ..ശ്ശോ..എല്ലാം നശിപ്പിച്ചില്ലേ..?

Anonymous said...

വാവാക്കാടാ..

ങ്ങള് ചുമ്മാ പ്രണയീന്ന്

ഒരു “മധുര മനോഹര മനോജ്ഞ“ കുറിച്ചതുകൊണ്ട് സുല്‍ത്താ‍നൊന്നും വരില്ല.
അതിലും കൂടുതല്‍ കോപ്പിയടികള്‍ പടച്ചോനേ ബൂലോകത്തില്‍ നടക്കുന്നുണ്ട്

വാവക്കാടന്‍ said...

വല്ല്യമ്മായീ,
നന്ദി..കാണാന്‍ ശ്രമിക്കാറില്ല. അവള്‍ക്ക് ഭാഗ്യമില്ലാതെ പോയി ;)

മാഗ്നി,
കലാലയന്‍ എന്ന വാക്കിന്റെ ഉപയോഗം തന്നെ നിര്‍ത്തുന്നു :)

അതുല്ല്യേച്ചി,
പപ്പടവട കൊള്ളാം..
പാലം ഇല്ലായിരുന്നു.. :(
ഐവ!

ദില്‍ബൂ,
ഇതെന്റെ മാത്രം അനുഭവം..
ഇപ്പറഞ്ഞ “അത്” ഒരു പോസ്റ്റായിട്ടു വരട്ടെ..യേത്?

ഇടങ്ങള്‍,
“മധുര മനോഹര മനോജ്ഞ ബംഗാള്‍” എന്നു പറഞ്ഞ് ഒരു ഇലക്ഷന്‍ കാലത്ത് മനോരമയില്‍ ഒരു ഫൊട്ടൊ വന്നു.. അതീന്ന് കിട്ടിയതാ..അല്ലാതെ ഞാനോ... കോളേജിലോ...

പ്രയാണമേ,
ഇതും കൂടി കൂട്ടി ആദ്യത്തേത്!! :)

കിരണ്‍സെ,
ഡൈം ഗിട്ടീല്ല..:)
നന്ദി

പയ്യാ,
പയ്യന്‍ പറഞ്ഞപ്പോഴാ ഇടങ്ങള്‍ പറഞ്ഞതിന്റെ ഗുട്ടന്‍സ് പിടി കിട്ടിയത്.. എന്റെ ഒരു വായനാനുഭവം..ഉഗ്രന്‍!
നന്ദിയുണ്ട്..

കരീം മാഷ്‌ said...

ഈ പോസ്‌റ്റും അതിനുകിട്ടിയ കമണ്ടുകളും വായിച്ചപ്പോള്‍ ഒന്നു കുറിക്കാന്‍ മോഹം,
ആനുകാലികങ്ങളൂം,പുതിയ രചനകളും വായിച്ചു അപ്‌ഡേറ്റാവുന്ന എഴുത്തുകാര്‍ അറിഞ്ഞോ അറിയാതെയോ തീമുകളും ശൈലികളും എന്തിനു ആശയങ്ങള്‍ വരെ അനുകരിച്ചു പോകുന്നുവെന്നു വാദിച്ചു അവയൊക്കെ തീരെ തൊട്ടു നോക്കാതെ ഒരു ഗുഹാജീവിപോലെ എഴുതുന്ന ഒരു മധ്യവര്‍ത്തി എഴുത്തുകാരനെ ഞാനറിയും.പക്ഷെ അയാളുടെ സൃഷ്ടികള്‍ വായിച്ചാല്‍ അഞ്ചാം ക്ലാസ്സുകാരന്റെ പ്രബന്ധരചനയുടെ നിലവാരമേയുള്ളൂ.
ആര്‍ക്കും സാഹിത്യമായി സംവേദിക്കാന്‍ അഞ്ചോ ആറോ വിഷയമേയുള്ളൂ ലോകത്ത്‌.
അതു പറയുന്ന രീതിയാണ്‌ ആ എഴുത്തു വായിപ്പിക്കുന്നതു.
വാവക്കാടന്റെ പ്രണയകഥ, ബഷീരിന്റെ കഥ മണക്കുന്നുവെന്നു തോന്നിയാലും ആ വരികളിലെ അക്ഷരങ്ങളുടെ സത്യസന്ധത കഥയുടെ സൗന്ദര്യത്തിനു തെല്ലോന്നുമല്ല സഹായിച്ചിരിക്കുന്നത്‌

Nandu said...

Dear vavakkadan, it's really nice to read. A real story with simple language; but.......

സു | Su said...

പാവം ചേച്ചി. അവളെ ഏതെങ്കിലും ചേട്ടന്‍ പ്രേമിച്ചോട്ടെ വാവക്കാടാ. :)

പിന്നെ, പ്രണയിക്കാനും, കല്യാണം കഴിക്കാനും സന്തോഷമായി ജീവിക്കാനും വയസ്സ് ഒരു പ്രശ്നമല്ല കേട്ടോ.

രാവണന്‍ said...

വാവക്കാടാ....

സൂപ്പര്‍ .... വിവരണം കലക്കി.... പഴയ കലാലയ ജീവിതമെല്ലാം ഒന്നോര്‍ത്തു....

പിന്നെ കഴിഞതവണ നാട്ടില്‍ പോയപ്പോള്‍ ചേച്ചിയെ ഞാന്‍ പറവൂര്‍ ബസ് സ്റ്റാന്റില്‍ വച്ചു കണ്ടിരുന്നു.... അനിയനെ അന്വേഷിച്ചതായി പറയാന്‍ പറഞു....

ലവള്‍ ഇപ്പോള്‍ വിവാഹിത.... ലവന്‍ കൂടെ ഉണ്ടായിരുന്നില്ല.

ഏറനാടന്‍ said...

“വാവക്കാടന്റെ പാട്ടും പിന്നെ ആളേയും എനിക്കിഷ്ടായി” (1998-ല്‍ ആണു കെട്ടോ..ആഗ്രഹങ്ങള്‍ക്ക് സമയം, കാലം ഇവയില്ലല്ലോ)

- അല്ലാ വാവക്കാടരേ.. എനിക്കൊരു ഡൗട്ട്‌. ഇവിടെ കൊടുത്ത വര്‍ഷം തെറ്റിയോന്ന്? 1998-ഓ അതോ 1899-ഓ ഏതാ? വിരലുകള്‍ പിണഞ്ഞതോ അതോ പ്രണയകുളിരില്‍ ആയതോ? ഇതിലെ നായിക എവിടെയുണ്ട്‌? അല്ലാ.. ചുമ്മാ ചോദിച്ചെന്നേയുള്ളൂ..

വാവക്കാടന്‍ said...

കരീം മാഷെ,

ശൈലികള്‍ കടമെടുത്തു പോകാം..
മുന്‍‌പേ പറക്കുന്ന പക്ഷികള്‍ വായിച്ച ശേഷം നക്സല്‍ പശ്ചാത്തലത്തില്‍ കഥയെഴുതിയ വിരുതനാണ് ഞാന്‍..അര്‍ജൂന്‍ ന്നായിരുന്നോ നായകന്റെ പേര്?
എന്തായാലും അതു +2 പ്രായത്തിലായിരുന്നു

പക്ഷെ സ്വന്തം കാര്യമെഴുതുമ്പോള്‍ എന്തു ശൈലി, എന്തു ക്രാഫ്റ്റ്.. ആ...

ഇത് എന്റെ ജീവിതത്തില്‍ സംഭവിച്ചതു തന്നെ..

മാഷിന്റെ ഒരു കമന്റ് എനിക്കും കിട്ടി..നന്ദി ഒരായിരം!!

നന്ദു,
ഈ പക്ഷേയുടെ അര്‍ഥം എനിക്കറിയാം.. കാരണം നന്ദു എന്റെ കോളേജ് സഹപാഠിയാണ്.. എല്ലാ കാര്യങ്ങളും നന്ദുവിന് അറിയുകയും ചെയ്യാം

സൂ ചേച്ചി,
എന്നാലും അവള്‍ക്കങ്ങനെ തോന്നിയല്ലൊ :(
പ്രായം എനിക്കുമൊരു വിഷയമല്ലായിരുന്നു :)

രാവണാ,
നന്ദീണ്ട്രാ (കട: പച്ചാളം, ദില്‍ബു,......)
എനിക്കൊന്നും പറയാനില്ല

ഏറനാടേട്ടാ (ഹൊ)
എനിക്ക് തന്നെ പോസ്റ്റിക്കഴിഞ്ഞപ്പോള്‍ ഒരു കണ്‍ഫ്യൂഷന്‍ തോന്നിയതാ..
ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്, സാധാരണ പണ്ട് കാലതൊക്കെയാണല്ലോ ഇങ്ങനത്തെ ഡയലോഗുകള്‍ കേള്‍ക്കാറുള്ളൂ.അപ്പൊ എന്റെ കഥ നടന്ന കാലഘട്ടം നിങ്ങള്‍ക്ക് കണ്‍ഫ്യൂഷന്‍ ആകാതിരിക്കാന്‍ വേണ്ടിയിട്ടതാ അത്.. ആകെ കണ്‍ഫ്യൂഷനായി..

Nandu said...

Dear Vavakkada, I went through the comments; there's a noticable comment by one Mr.Eranadan. His doubt about the year. I think his doubt's very correct, because my dear vavakkadan is still living in 1899, not in 20th or 21st century. Please dear vavakkadan, inform this fact to Mr.Eranadan. He'll be happy.

തറവാടി said...

read

വാവക്കാടന്‍ said...

നന്ദൂ..
സമ്മതിച്ചു

തറവാടി,
വായിച്ചതില്‍ സന്തോഷം!

വിശാല മനസ്കന്‍ said...

'പ്രണയത്തിനു പകരം അവിടെ ഞാന്‍ കണ്ടത് വാത്സല്യമായിരുന്നു..വാത്സല്യം..'

ഹഹ.

വാവക്കാടന്‍ കാര്യങ്ങള്‍ ഒട്ടും വലിച്ച് നീട്ടാണ്ട് പറയുന്നുണ്ട്. അത് വായിക്കാന്‍ വേറൊരു രസം!

കൂടുതല്‍ എഴുതുക. ആശംസകള്‍.

Anonymous said...

പ്രിയപ്പെട്ട വാവക്കാടാ,
നേരത്തേ വായിച്ചെങ്കിലും കുറിപ്പ് വൈകിയതില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു....
പഴയ കാലത്തിലേയ്ക്ക് നോക്കുമ്പോള്‍ ഒരു പാട് കാര്യങ്ങള്‍...ഇതൊന്നുമില്ലാതെ ജീവിക്കാന്‍ കഴിയില്ല എന്നു കരുതിയ പലതും നമുക്ക് നഷ്ടപ്പെട്ടിട്ടൂണ്ട്..ഒന്നാം ക്ലാസ്സില്‍ അതൊരു സ്ലേറ്റ് പെന്‍സിലാണെങ്കില്‍ കലാലയത്തില്‍ അതൊരു പനിനീര്‍പ്പൂവ്വായിരിക്കും...
പക്ഷേ പിന്തിരിഞ്ഞു നോക്കുമ്പോള്‍ പല കാര്യങ്ങളും നമ്മള്‍ ചമ്മലോടെയേ ഓര്‍ക്കാറുള്ളൂ...അയ്യേ! ഛെ! എന്നൊക്കെ!
പക്ഷേ ചില നഷ്ടങ്ങള്‍ നമ്മളെ വേദനിപ്പിച്ചുകൊണ്ടേയിരിക്കും..എന്നും...പക്ഷേ ആ വേദന അനുഭവിക്കുമ്പോഴും അതിനെ ഒരു രസകരമായ സംഭവമായി പറയാന്‍ കഴിയുമ്പോള്‍ അതു മാത്രമല്ല ആ ഒരു വേദന ചെറുതായെങ്കിലും വായനക്കാരനിലേയ്ക്കെത്തുമ്പോള്‍ ....(ഈശ്വരാ എന്താ ഇത്..ഞാനിതെവിടെപ്പോവാ...)
ഇത്രയെ ഉദ്ദേശിച്ചുള്ളൂ...നന്നായിരിക്കുന്നു...അഭിനന്ദനങ്ങള്‍ എന്നു പറയാന്‍ തോന്നുന്നില്ല..ഒരു നഷ്ടത്തെ എങ്ങിനെ അഭിനന്ദിക്കാനാ അല്ലേ..?

Siju | സിജു said...

:-)
വായിച്ചപ്പോള്‍ ഒരു പഴയ സംഭവം ഓര്‍മ്മ വന്നു.
പ്രിഡിഗ്രിക്കു പഠിക്കുമ്പോള്‍ ഒരദ്ധ്യാപകന്‍ ഉപദേശിച്ചു
നിങ്ങള്‍ പ്രേമിക്കുകയാണെങ്കില്‍ ഒരു മൂന്ന് നാല് വയസ്സിനു മൂത്തവരെ പ്രേമിക്കുക; അതാകുമ്പോ പൊട്ടിയാലും വല്യ വിഷമമൊന്നുമുണ്ടാകില്ല. അല്ലെങ്കില്‍ നാലിലോ അഞ്ചിലോ പഠിക്കുന്ന പിള്ളേരെ പ്രേമിക്കുക; അപ്പോ ചിലപ്പോ നടന്നേക്കും.

പാര്‍വതി said...

ദാപ്പോ നന്നായേ, വയസ്സൊക്കെ ഒരു കാര്യാണൊ?? പ്രേമിക്കാനേ, കെട്ടാന്‍ നേരത്ത് നോക്കിയാ പോരെ വയസ്സും ജാതിയും ജാതകവും പിന്നെ അപ്പന്റെ കൈയ്യിലെ കാശുപെട്ടിയുടെ കനവും..(ഇക്കാലത്തിന്റെ കഥ പറഞ്ഞതാണൂട്ടോ, ആ വിഷമം മനസ്സിലായി)

ആത്മാര്‍ത്ഥത മറ്റൊരു വിഷമാണ്, അറിയുമോ?

-പാര്‍വതി.

വാവക്കാടന്‍ said...

വിശാല ഗുരോ:
ഒരു ചെറിയ നന്ദിയില്‍ ഒതുക്കുന്നു..

സു.പുത്രാ:
ഒന്നും പറയാനില്ല..അല്പം നൊന്ത കമന്റ്

സിജ്വോ:
അപ്പോ എനിക്കു വിഷമമില്ല എന്ന്.. ഉവ്വേ!

പാറൂ ചേച്ചി:
ആത്മാര്‍ത്ഥത വിഷം/വിഷമം ?
എന്തായാലും ഞാന്‍ എഗ്രീ ചെയ്യുന്നു

ഞാന്‍ എന്തിനും റെഡിയായിരുന്നു..
പക്ഷേ അവള്‍ ഭയങ്കര പ്രാക്ടിക്കല്‍ ആയിരുന്നു..

പ്രണയത്തിന്റ്റെ പ്രാക്ടിക്കല്‍ ആസ്പെക്റ്റ്സ് എനിക്ക് പണ്ടേ അറിയില്ലായിരുന്നു

നന്ദി!!

Adithyan said...

വാവക്കാടോ ഇതിപ്പൊഴാ വായിക്കാന്‍ പറ്റിയെ.
അമറനായിട്ടുണ്ട്...

ഓള്‍ടെ കൂടെ ഇരുന്നപ്പോ തന്നെ വന്ന് പ്രായം ചോദിച്ച ഗഡി ഒരു പാര പണിതതാണോ? ആ ഗഡി പിന്നെ ആ വഴിക്ക് പോസ്റ്റ് വല്ലതും നാട്ടി ലൈന്‍ വല്ലതും വലിച്ചായിരുന്നോ? :)

ശ്രീജിത്ത്‌ കെ said...

കലക്കന്‍ പോസ്റ്റ് വാവക്കാടാ. രസകരം.

ചില നിര്‍ദ്ദേശങ്ങള്‍
1) ക്ലൈമാക്സ് ആദ്യ കമന്റായി പിന്മൊഴിയിലേയ്ക്ക് അയക്കാതിരിക്കൂ. അത് വായനയുടെ സസ്പെന്‍സ് കളയും.
2) കമന്റുകള്‍ നേരിട്ട് ബ്ലോഗ്4കമന്റ്സ് എന്ന ഗ്രൂപ്പില്‍ അയക്കുന്നതിനുപകരം പിന്മൊഴികളിലേയ്ക്ക് അയക്കൂ. പിന്മൊഴികളില്‍ നിലവിലുള്ള ഫില്‍റ്ററുകള്‍ ഒക്കെ ഉപകാരപ്പെടട്ടേ

വാവക്കാടന്‍ said...

ആദി:
ആ‍രും പാര വച്ചതല്ല..ആരും ലൈനും വലിച്ചില്ല..
എന്റെ യോഗം..:)
നന്ദിയുണ്ട് വന്നതിലും കമന്റിയതിലും!!

ശ്രീജിത്തേ:
1)സത്യം പറയാമല്ലൊ, ഇക്കാര്യം ഞാനും ഇപ്പൊഴാ ശ്രദ്ധിച്ചത്!
2)ഇതിനു നന്ദി പറയുന്നില്ല..കാരണം പറയേണ്ടത് ശ്രീജിത്തിന്റെ കടമയും, അതു പോലെ ചെയ്യേണ്ടത് എന്റെ കടമയും ആണ്..
:)